മാവേലിക്കര: ദുർമന്ത്രവാദം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സി.ഐ.യെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സ്‌ത്രീകളെ 13 വർഷം തടവിനും 50,000 രൂപ വീതം പിഴയ്‌ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി- 3 ജഡ്‌ജി എസ്.എസ്.സീന ഉത്തരവായി.
ഉളവുക്കാട് വൻമേലിത്തറയിൽ ആതിര(ചിന്നു- 23) അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി(48) എന്നിവരെയാണ് ശിക്ഷിച്ചത്. ആലപ്പുഴ വനിത സെല്ലിൽ സിഐയായിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്‌ന വീട്ടിൽ മീനകുമാരിയെ(59)യാണ് ആക്രമിച്ചത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഏഴുവർഷം ഒന്നിച്ചനുഭവിച്ചാൽ മതി.
പിഴത്തുകയിൽ ഒരുലക്ഷം മീനകുമാരിക്ക് നൽകണം. 50,000 രൂപ സർക്കാരിൽ കെട്ടിവയ്‌ക്കണം. 2016 ഏപ്രിൽ 23ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട് വൻമേലിൽ കോളനിനിവാസികളായ 51 പേർ കലക്‌ടർക്ക് നൽകിയ പരാതി അന്വേഷിക്കാനാണ് മീനകുമാരിയും വനിതാ സിവിൽ പൊലീസ് ഓഫീസർ ലേഖയും ഡ്രൈവർ ഉല്ലാസും എത്തിയത്.
ആതിരയുടെ വീട്ടിലെത്തിയ മീനകുമാരി പരാതി വായിച്ചു കേൾപ്പിച്ചു. മന്ത്രവാദവും മറ്റും നിർത്തി വിദ്യാഭ്യാസം തുടരണമെന്ന് ആതിരയെ ഉപദേശിച്ചു. ഏപ്രിൽ 26ന് വനിതാ സെല്ലിൽ ഹാജരാകണമെന്നും പറഞ്ഞു.
പെട്ടന്നാണ് പ്രതികളുടെ ആക്രമണം. പെരുവിരലിന് ഗുരുതര പരിക്കേറ്റ മീനകുമാരിയെ ലേഖയും ഉല്ലാസും രക്ഷപ്പെടുത്തുകയായിരുന്നു. ലേഖയും ആക്രമിക്കപ്പെട്ടു. മീനകുമാരിയെ ഉടൻ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിറ്റേന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്‌ത്രക്രിയക്കു ശേഷം 89 ദിവസം ജോലിക്ക് കയറാനാകാതെ ചകിത്സയിൽ തുടരേണ്ടിവന്നു. നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും ആതിരയെ മാത്രം പ്രതിചേർത്താണ് പൊലീസ് ചാർജ് ഷീറ്റ് നൽകിയത്.
ഉന്നത പൊലീസ് അധികാരികൾക്ക് നൽകിയ പരാതിയിൽ മാവേലിക്കര സിഐ പി ശ്രീകുമാർ 2017 സെപ്‌തംബർ രണ്ടിന് പുനരന്വേഷണം തുടങ്ങി.
ശോഭനയെയും രോഹിണിയെയുംകൂടി പ്രതിചേർത്ത് കോടതിയിൽ ചാർജ്ഷീറ്റ് നൽകി. 21 സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. പ്രോസിക്യൂഷനായി പി സന്തോഷ്, കെ സജികുമാർ, ഇ നാസറുദ്ദീൻ എന്നിവർ ഹാജരായി.