വാൻകൂവർ: ക്യാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപം പൈപ്പർ പി.എ-34 സെനെക ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റികാട്ടിലാണ് വിമാനം തകർന്നുവീണത്.
വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വിമാനം തകർന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് ക്യാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.