നെടുങ്കണ്ടം: കോൺഗ്രസ് ഭരണത്തിലുള്ള നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്കിൽ ഉന്നത നേതാക്കളുടെ കോടികളുടെ വൻ സാമ്പത്തിക ക്രമക്കേട് മൂടിവയ്‌ക്കാൻ ബോധപൂർവ ശ്രമം. സഹകരണസംഘം നിയമം 65 പ്രകാരമുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ 12 കോടിയിൽപരം രൂപയുടെ ക്രമക്കേടും അഴിമതിയും കണ്ടെത്തി.
വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയാൽ ഇതിന്റെ ഇരട്ടിവരുമെന്ന് നിക്ഷേപകർ പറയുന്നത്.സഹകരണ വകുപ്പ് അന്വേഷണ പ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി 2023 ജനുവരി അഞ്ചിന് നെടുങ്കണ്ടം സിഐക്ക് നൽകിയിരുന്നു. ബാങ്ക് രജിസ്‌റ്റർചെയ്‌ത് പ്രവർത്തിച്ചു തുടങ്ങിയത് 1993ൽ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി ജോസഫാണ് പ്രസിഡന്റും മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉൾപ്പെടെയുള്ള നേതാക്കൾ ബോർഡ് അംഗങ്ങളുമായിരുന്നപ്പോഴാണ് കോടികളുടെ അഴിമതി നടന്നത്. കൂടാതെ ജീവനക്കാരും സെക്രട്ടറിയുമടക്കമുള്ളവർ അഴിമതിക്ക് കൂട്ടുനിന്നു.
പ്രമുഖ കോൺഗ്രസ് നേതാക്കളടങ്ങിയ ബോർഡ് അംഗങ്ങൾ സെക്രട്ടറിയുടെ സഹായത്തോടെ തട്ടിപ്പ് നടത്തുക ആയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിയുന്നു. തട്ടിപ്പു പുറത്തായതോടെ സെക്രട്ടറിയെ ഒളിവിൽ പോകാനും ജീവനക്കാരും ബോർഡ് മെമ്പർമാരും സഹായിച്ചതായും പരാതിയുണ്ട്.
പ്രമുഖ കോൺഗ്രസ് നേതാവ് തട്ടിപ്പിൽ പങ്കാളിയായതിനാൽ ഫലപ്രദമായ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ല.കോൺഗ്രസ് രാഷ്ട്രീയ സമ്മർദം പിന്നിലുണ്ട്. കേസ് ഇല്ലാതാക്കാൻ ഉന്നത നേതാക്കളുടെ ഇടപെടൽ നടക്കുന്നുണ്ടെന്നും നിക്ഷേപകർ ആരോപിച്ചു.
ബോർഡ് മെമ്പർമാർ തമ്മിലുള്ള തർക്കവും അധിരകാര വടംവലിയുമെല്ലാം തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയായി. മുൻ പ്രസിഡന്റിന്റെ മരണത്തോടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.