കാഠ്മണ്ഡു: ഇസ്രയേൽ – ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടതായി നേപ്പാൾ വിദേശ കാര്യമന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചു. നാലു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മരണപ്പെട്ടവരെല്ലാം കിഴക്കൻ നേപ്പാളിലെ സുദുർ പശ്ചിം യൂണിവേഴ്സിറ്റിയിയെ കാർഷിക വിഭാഗം വിദ്യാർഥികളാണ്.
ഇസ്രയേലി സർക്കാരിൻറെ ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി ഇസ്രയേലിൽ എത്തിയതായിരുന്നു ഇവർ. ഹമാസിൻറെ ആക്രമണം നടക്കുമ്പോൾ ഗാസയോടു ചേർന്നുള്ള കിബ്ബുത്സ് അലുമിമിലുള്ള ഫാമിലുണ്ടായിരുന്ന 17 നേപ്പാളികളിൽ 10 പേരും കൊല്ലപ്പെടുകയായിരുന്നു. കൂട്ടത്തിൽ 2 പേർ മാത്രമാണ് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിട്ടുള്ളത്.
നിലവിൽ 265 നേപ്പാളി വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായി ഇസ്രയേലിൽ പഠനം നടത്തുന്നത്. ഇതിൽ 119 പേരും അഗ്രികൾച്ചർ, ഫോറസ്ട്രി യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും 97 പേർ ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും 49 പേർ സുഡുർ പശ്ചിം യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരുമാണ്.
മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കാണാതായ ഒരു വിദ്യാർഥിക്കു വേണ്ടിയുള്ള തെരച്ചിലും നടക്കുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ നേപ്പാളിലേക്ക് എത്തിക്കാനുള്ള നടപടികളുംസ്വീകരിച്ചിട്ടുള്ളതായി എംബസി അറിയിച്ചു. പരുക്കേറ്റ വിദ്യാർഥികൾക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ നൽകാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യുദ്ധബാധിത പ്രദേശത്ത് നിന്ന് നേപ്പാൾ പൗരന്മാരെ സുരക്ഷിതരായി നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തിൽ 600 പേരാണ് കൊല്ലപ്പെട്ടിരുന്നത്. നിലവിൽ ഇസ്രയേലിൽ 4500 നേപ്പാൾ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.