തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസനെയും കോടതി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇഡി ഇരുവരേയും കസ്റ്റഡിയിൽ വാങ്ങുന്നത്. കേസ് കോടതി ഇന്നു പരിഗണിക്കവെയാണ് തീരുമാനം.
ഒന്നാംപ്രതി സതീഷ്കുമാറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വിവിധ ഇടങ്ങളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനായാണ് ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പി.ആർ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ്കുമാറുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇഡിയുടെ പക്കലുണ്ട്. ഇതോടൊപ്പം അരവിന്ദാക്ഷനെതിരെയുള്ള മൊഴികളും ലഭിച്ചു.
ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇ.ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ജിൽസ് കരുവന്നൂർ നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് കേന്ദ്രീകരിച്ചു നടന്ന പല ഇടപാടുകളും ജിൽസ് കൂടി ഉൾപ്പെട്ടതാണെന്ന് ഇഡി പറയുന്നു. കേസിൽ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യും.