ജെറുസലേം: ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നതായി ഔദ്യോഗിക റിപ്പോർട്ട്. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഗാസയിൽ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ഗാസയിൽ സമ്പൂർണ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതുവരെ ഹമാസിൻറെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. മൂന്നുലക്ഷത്തോളം സൈനികരെയാണ് ഗാസയിൽ പോരാട്ടത്തിനായി ഇസ്രയേൽ വിന്യസിച്ചത്. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരമുണ്ട്.
മുന്നറിയിപ്പില്ലാതെ ക്യാമ്പുകളിലേക്ക് വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.
ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്നും ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചു.