ന്യൂഡൽഹി: നിർണായക രാഷ്‌ട്രീയ സാഹചര്യത്തിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ മേഖലയിലുമായി അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മിസോറമിൽ നവംബർ ഏഴിന് വോട്ടെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ യഥാക്രമം നവംബർ 17, 23, 30 തീയതികളിൽ.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്‌ഗഢിൽ രണ്ടു ഘട്ടമായി നവംബർ ഏഴിനും 17നും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എല്ലായിടത്തും ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. മോദിസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷകക്ഷികളെയും മാധ്യമങ്ങളെയും വേട്ടയാടുന്നതിനെതിരെ യോജിച്ച പ്രതിഷേധം ഉയർന്നിരിക്കവെയാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ.
രാജ്യത്തെ മൊത്തം വോട്ടർമാരുടെ ആറിലൊന്ന് വരുന്ന 16 കോടിയിൽപ്പരം പേരും ഈ സംസ്ഥാനങ്ങളിലാണ്. 7.8 കോടി സ്‌ത്രീ വോട്ടർമാർ. കന്നി വോട്ടർമാർ 60 ലക്ഷത്തോളം വരും. 17,70,000 പോളിങ്ങ് സ്‌റ്റേഷൻ ഒരുക്കും. 1,01,000 ബൂത്തിൽ വെബ്‌കാസ്റ്റിങ് സൗകര്യമുണ്ടാകും. 8000 ബൂത്തിൽ എല്ലാ പോളിങ് ജീവനക്കാരും വനിതകളായിരിക്കും.
മധ്യപ്രദേശിൽ 230, രാജസ്ഥാനിൽ 200, ഛത്തീസ്‌ഗഢിൽ 90 എന്നിങ്ങനെയും തെലങ്കാനയിൽ 119ഉം വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ 40ഉം സീറ്റുണ്ട്. ഛത്തീസ്‌ഗഢിൽ ആദ്യഘട്ടത്തിൽ മാവോയിസ്റ്റ് സ്വാധീനമേഖലയിലെ 20 ഇടത്താണ് വോട്ടെടുപ്പ്.
മധ്യപ്രദേശിൽ മാത്രമാണ് ബി.ജെ.പി ഭരണം. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ എം.എൻ.എഫുമാണ് ഭരണകക്ഷി. മറ്റ് രണ്ടിടത്ത് കോൺഗ്രസ് സർക്കാരാണ്.
ആറു മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. 2019നു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പൊതുവെ ക്ഷീണമാണ്.