Timely news thodupuzha

logo

എം.ജി യൂണിവേഴ്സിറ്റിയിൽ ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും, ധാരണപത്രം ഒപ്പുവച്ചു

കോട്ടയം: എം.ജി സർവകലാശാലയിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും നിർമിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്‌തു. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനായി.

മന്ത്രി വി.അബ്‌ദുറഹിമാൻ പ്രഖ്യാപനം നടത്തി. സർവകലാശാല അസംബ്ലി ഹാളിൽ രജിസ്‌ട്രാർ ഡോ. ബി.പ്രകാശ്‌ കുമാറും സംസ്ഥാന സ്പോർടസ് യുവജനകാര്യ ഡയറക്‌ടർ രാജീവ് കുമാർ ചൗധരിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.

മന്ത്രി ആർ.ബിന്ദു ധാരണപത്രം മന്ത്രി വി.അബ്‌ദുറഹിമാന്‌ കൈമാറി. കിഫ്‌ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ ചിലവിലായിരിക്കും നിർമ്മാണം. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു സർവകലാശാലയിൽ സംസ്ഥാന സർക്കാർ ചിലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

സർവകലാശാലാ ക്യാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടിൽ വിപുല സൗകര്യങ്ങളോടെയാകും പുതിയ സ്റ്റേഡിയം കോംപ്ലക്‌സ് ഉയരുക. എട്ട് ലൈനുകളിലായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ലോംഗ്‌ ജംപ്, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, ഹാമർ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോൾ വോൾട്ട് എന്നിവയ്‌ക്കുള്ള പിറ്റുകൾ, സിന്തറ്റിക് ട്രാക്കിന് സുരക്ഷാ വേലി, ഒൻപതു ലൈനുകളുള്ള ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂൾ, ചേഞ്ച് റൂമുകൾ, ഷോവർ ഏരിയ, ലോക്കർ റൂം, റിസപ്‌ഷൻ കൗണ്ടർ, ഫിൽട്രേഷൻ പ്ലാൻറ്, സ്റ്റോർ മുറികൾ ഡൈവിംഗ് ബോർഡുകൾ, സ്വിമ്മിംഗ് പൂളിൽ രണ്ട് ലൈഫ് ഗാർഡുകളുടെയും രണ്ട് പരിശീലകരുടെയും സേവനം, മൾട്ടി പർപ്പസ് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം, രണ്ട് വോളിബോൾ കോർട്ടുകൾ, ഒരു ബാസ്‌ക്കറ്റ്ബോൾ കോർട്ട്, ഒരു ഹാൻബോൾ കോർട്ട്, എട്ട് ബാഡ്മിൻറൺ കോർട്ടുകൾ, ടേബിൾ ടെന്നീസ് അരീന, ലോക്കർ മുറികൾ, ചേഞ്ച് റൂമുകൾ, ടോയ്‌ലറ്റുകൾ, ബാത്ത് റൂമുകൾ, രണ്ട് സ്റ്റോർ മുറികൾ, നാലു തട്ടുകളിലായി ഗാലറി തുടങ്ങി വിപുലമായ സൗകര്യങ്ങളാവും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാവുക.

കൂടാതെ, അക്കാദമിക് കോംപ്ലക്‌സ്, കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റൽ, വിവിധ കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ബാഡ്‌മിന്റൺ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയവയ്‌ക്കായി സൗകര്യമനുസരിച്ച് നീക്കം ചെയ്യാവുന്ന പോസ്റ്റുകളും സജ്ജീകരിക്കും.

അകാലത്തിൽ അന്തരിച്ച കായികതാരം സൂസൻ മേബിൾ തോമസിന്റെ പേരിലാണ് സ്റ്റേഡിയവും സ്പോർട്സ് കോംപ്ലക്‌സും നിർമിക്കുന്നത്‌. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, വൈസ് ചാൻസലർ ഡോ. സി.റ്റി.അരവിന്ദ്‌ കുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യൻ, പഞ്ചായത്തംഗം ജോഷി ഇലഞ്ഞിയിൽ, സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. എ.ജോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ.അനിൽകുമാർ, സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ്‌ സ്പോർട്സ് സയൻസസ് മേധാവി ഡോ. ബിനു ജോർജ് വർഗീസ് കായിക പരിശീലകൻ ദ്രോണാചാര്യ തോമസ്‌ മാഷ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി.റസൽ അടക്കം ഒട്ടേറെ പ്രമുഖരും സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.       

Leave a Comment

Your email address will not be published. Required fields are marked *