തിരുവനന്തപുരം: വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ ഉചിതമായ ജോലി ലഭ്യമാക്കാനുള്ള പ്രയത്നത്തിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഉൽപ്പാദനമേഖല കൂടുതൽ ശക്തമാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം നേടാനുള്ള അവസരങ്ങൾ ഉണ്ടാക്കുക തുടങ്ങിയ വെല്ലുവിളികൾ കേരളം നേരിടുന്നുണ്ട്.
ശാസ്ത്രം, സാങ്കേതികവിദ്യ, വിജ്ഞാനം തുടങ്ങിയ മാർഗങ്ങളാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. ഗ്ലോബലിക്സ്(ഗ്ലോബൽ നെറ്റ്വർക്ക് ഫോർ ഇക്കണോമിക്സ് ഓഫ് ലേണിങ്ങ് ഇന്നവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ്ങ് സിസ്റ്റം) ഇരുപതാം രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാധനം സർവധനാൽ പ്രധാനമെന്ന ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ലോകത്തിന് മാതൃകയാകുന്ന വൈജ്ഞാനിക സമ്പദ്വ്യസ്ഥയിലേക്കുള്ള പരിവർത്തനത്തിലാണ് കേരളം.
അന്താരാഷ്ട്ര അംഗീകാരം നേടിയ സംസ്ഥാനത്തിന്റെ വികസന മാതൃക ഒട്ടേറെ മേഖലകളിൽ കേരളത്തെ മുന്നോട്ടുനയിച്ചിട്ടുണ്ട്. അത്തരം നേട്ടങ്ങൾ നിലനിർത്തി വികസിത നിലവാരത്തിലുള്ള സമ്പദ്ഘടനയായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള കേരളത്തിന്റെ മാനവവികസനം വികസിത രാജ്യങ്ങളുടേതിന് തുല്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ലോകനിലവാരത്തിനൊപ്പമാണ് കേരളം.
മാനവവികസന സൂചികകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. ഇന്റർനെറ്റ് സേവന മേഖലയിലെ അസമത്വം പരിഹരിക്കാൻ കെ ഫോൺ പദ്ധതി ഇതിനകം പ്രാവർത്തികമാക്കി.
ഡിജിറ്റൽ മേഖലയുടെ കുത്തകവൽക്കരണത്തിൽ സംസ്ഥാനത്തിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് കെ ഫോൺപ്പോലുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു.