Timely news thodupuzha

logo

ഗ്ലോബലിക്‌സ്‌ അന്താരാഷ്ട്ര സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: ഗ്ലോബലിക്‌സ്‌(ഗ്ലോബൽ നെറ്റ്‌വർക്ക് ഫോർ ഇക്കണോമിക്‌സ്‌ ഓഫ് ലേർണിങ്‌ ഇന്നൊവേഷൻ ആൻഡ് കോംപീറ്റൻസ് ബിൽഡിങ്ങ് സിസ്റ്റം) ഇരുപതാം അന്താരാഷ്ട്ര സമ്മേളനത്തിന്‌ തലസ്ഥാനത്ത്‌ തുടക്കം. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായി. 2026ഓടെ 20 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണത്തിലൂടെ കേരളത്തെ വികസിത സമ്പദ്‌വ്യവസ്ഥകൾക്ക് ഒപ്പമെത്തിക്കുകയാണ് ലക്ഷ്യം.

ഇതിനായി രാജ്യത്താദ്യമായി ആർ ആൻഡ് ഡി ബജറ്റ് അവതരിപ്പിച്ചത് കേരളമാണെന്നും വരുംവർഷങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബലിക്‌സ്‌ പ്രസിഡന്റ്‌ എറീക്ക ക്രെയ്‌മർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ആർ.ഐ.എസ് ഡയറക്ടർ സച്ചിൻ ചതുർവേദി, ഐ.ഐ.എം ബംഗളൂരു ഡയറക്ടർ ഋഷികേശ്‌.റ്റി.കൃഷ്ണൻ, ഗിഫ്റ്റ് ഡയറക്ടറും ഗ്ലോബലിക്സ് സെക്രട്ടറി ജനറലുമായ കെ.ജെ.ജോസഫ്, കിരൺ കുമാർ കക്കർലാപുടി എന്നിവർ സംസാരിച്ചു. ആദ്യ സെഷനിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്‌ധർക്കു പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും സംസാരിച്ചു.

14 വരെ തുടരുന്ന സമ്മേളനത്തിൽ അമ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള വിദഗ്‌ധർ പങ്കെടുക്കുന്നുണ്ട്‌. ഗിഫ്റ്റ്, ആർ.ഐ.എസ്, കെ.ഡിസ്‌ക്‌, കേരള ഡിജിറ്റൽ സർവകലാശാല എന്നിവ ചേർന്നാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്‌. രണ്ടാം തവണയാണ് കേരളം ഗ്ലോബലിക്‌സ്‌ സമ്മേളനത്തിന് വേദിയാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *