വാഷിങ്ങ്ടൺ: ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലികളായ കുട്ടകളുടെ തല വെട്ടിയ ചിത്രങ്ങൾ കണ്ടുവെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
എന്നാൽ, പ്രസിഡൻറ് മാധ്യമ വാർത്തയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാര്യം പറയുന്നതെന്നും അദ്ദേഹമോ യു.എസ് ഭരണകൂടമോ ഇത്തരമൊരു ചിത്രം കണ്ടിട്ടില്ലെന്നും വിശദീകരിച്ച് സർക്കാർ പ്രതിനിധി രംഗത്തെത്തി.
ചിലപ്പോഴെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരരുടെ ക്രൂരതയെപ്പോലും വെല്ലുന്ന പ്രവൃത്തികളാണ് ഹമാസിൻറെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേലി പൗരൻമാരായ കുട്ടികളുടെ തല ഹമാസ് അംഗങ്ങൾ വെട്ടുന്ന ചിത്രം കണ്ടതായി ബൈഡൻ പറഞ്ഞത്.
ഹമാസിനെതിരായ ഇസ്രയേലിൻറെ പേരാട്ടത്തിൽ പൂർണ പിന്തുണ ആവർത്തിക്കുകയാണ് ബൈഡൻ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്താനിരിക്കെയാണു ബൈഡൻറെ പ്രസ്താവന.
ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരൻമാരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചതായും ബൈഡൻ വെളിപ്പെടുത്തി. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് പൗരൻമാരുടെ എണ്ണം 22 ആയി ഉയർന്നിട്ടുണ്ട്.
ഹമാസ് ബന്ദികളാക്കിയിരിക്കുന്നവർക്കൊപ്പം യു.എസ് പൗരൻമാർ ഉണ്ടെന്ന് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തമാക്കി. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച ബൈഡൻ, ഇസ്രയേൽ – ഹമാസ് സംഘർഷം വിലയിരുത്തി.