ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. ചെന്നൈയിലെ ഷോളവാരത്ത് ആവഡി പൊലീസ് നടത്തിയ വെടിവയ്പ്പിൽ കൊലക്കേസ് പ്രതികളായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
കുപ്രസിദ്ധ ഗുണ്ടകളായ മുത്തു ശരവണൻ, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ.
പടിയനല്ലൂർ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡൻറിൻറെ കൊലപാതകം, നെല്ലൂരിലെ മുൻ പഞ്ചായത്ത് കൗൺസിൽ പ്രസിഡൻറിൻറെ കൊലപാതകം എന്നിവയുൾപ്പെടെ ഏഴ് കൊലപാതക കേസുകളിൽ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു.
ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവർ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഇവർക്ക് നേരെ വെടിയുതിർക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സതീഷിന്റെ തലയിലും മുത്തുശരവണന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.