ചേർത്തല: ജാതി സെൻസസിന് എസ്.എൻ.ഡി.പി യോഗം എതിരല്ലെന്ന് ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിനുള്ള തന്ത്രമാക്കാതെ അധികാര സ്ഥാനങ്ങളിൽ പിന്നോക്കക്കാർക്ക് ജനസംഖ്യാ ആനുപാതികമായി പങ്കാളിത്തം ഉറപ്പാക്കാനാകണം കണക്കെടുപ്പെന്നും അദ്ദേഹം കണിച്ചുകുളങ്ങരയിലെ വീട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാടും എസ്.എൻ.ഡി.പി യോഗം നിലപാടും ഒന്നല്ലെന്നും വ്യക്തമാക്കി. മാന്യമായി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഉയർന്ന ആരോപണം അടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയായി.
മാധ്യമങ്ങൾ റേറ്റിങ് കൂട്ടാൻ സത്യവും ധർമവും നീതിയും ഇല്ലാതാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയഭേദമന്യേ ചില സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടന്നിട്ടുണ്ട്.
അതിന്റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിച്ച് തകർക്കാൻ ശ്രമിക്കുന്നന്നത് ശരിയല്ല. വിഴിഞ്ഞത്ത് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ല. മത മേലധ്യക്ഷൻമാർ പക്വതയോട് പെരുമാറണം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയാകരുത്. വികസനത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.