കളമശേരി: കങ്ങരപ്പടിയിൽ മലമ്പാമ്പിൻറെ അക്രമത്തിൽ പുല്ലുവെട്ടുകയായിരുന്ന തൊഴിലാളിക്ക് പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റത്.
സന്തോഷിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കങ്ങരപ്പടി ബസാറിനടുത്ത് തച്ചംവേലിമല റോഡിൽ കാവുങ്ങമൂലയിൽ റെജി വർഗീസിൻറെ പറമ്പിൽ വെള്ളി രാവിലെ മെഷിൻ ഉപയോഗിച്ച് സന്തോഷ് പുല്ലുവെട്ടുകയായിരുന്നു. 9.30 ഓടെയാണ് പാമ്പ് സന്തോഷിൻറെ കാലിൽ ചുറ്റിയത്.
പാമ്പ് ചുറ്റിവരിഞ്ഞതോടെ തറയിൽ വീണ സന്തോഷ് പാമ്പിൻറെ വാലിൽ പിടിച്ച് കുടഞ്ഞ് വിടുവിക്കുകയായിരുന്നു. സന്തോഷിൻറെ ഇടത് കാലിൻറെ മസിൽ തകർന്നു. 2 ഒടിവുകളുമുണ്ട്.
ഉടനെ സ്നേക്ക് റസ്ക്യുവർ രൂപേഷ് അഞ്ചുമന സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തെങ്ങും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുവളപ്പിൽ ഒരു വർഷത്തിനിടെ കണ്ടെത്തിയ അഞ്ചാമത്തെ മലമ്പാമ്പാണിത് പാമ്പ് തൊട്ടടുത്ത പെരിയാർവാലി കനാൽ വഴി എത്തിയതാണെന്ന് റെജി പറഞ്ഞു.