ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോരഗഡിന് സമീപം ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെ 9.11നാണ് ഉണ്ടായത്. പിത്തോരഗഡിൽ നിന്ന് 48 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം.
ഞായറാഴ്ചയും ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 9 കിലോമീറ്റർ അകലെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിൽ വീണ്ടും തുടർഭൂചലനമുണ്ടായി.
പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 4 പേർ മരിക്കുകയും 153 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ 8നാണ് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.
പടിഞ്ഞാറൻ പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് 33 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആദ്യചലനം നടന്ന് 20 മിനിറ്റിനു ശേഷം റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി. ഭൂചലനത്തിൽ റബത് സാംഗി ജില്ലയിലെ ബലൂച് മേഖലയിൽ നിരവധി ഗ്രാമങ്ങൾ തകർന്നതായാണ് വിവരം.