Timely news thodupuzha

logo

സ്വവർഗ വിവാഹം തുല്യതയുടെ വിഷയം, അനുകൂലിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സ്വവർഗ ലെെംഗികത നഗര സങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്.

ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകുലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച ഹർജികളിൽ നാല് ഭിന്ന വിധികളാണുള്ളത്. സ്പെഷ്യൽ മാരേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്.

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അത് അംഗീകരിക്കുന്നത്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. ആ ആക്റ്റിൽ മാറ്റം വരുത്തണമോയെന്ന് പാർലമെൻറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്.രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഭരണഘടനാ ബെഞ്ച് 10 ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷം മെയ് 11ന് ഹർജികളിൽ വിധി പറയുന്നത് മാറ്റി വെച്ചതായിരുന്നു.

സ്വവർഗദമ്പതികൾ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ 20 ഹർജികളാണ് പരിഗണിച്ചത്‌. സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌, ഹിന്ദു മാരേജ്‌ ആക്ട്‌, ഫോറിൻ മാരേജ്‌ ആക്ട്‌ തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാത്തത്‌ ചോദ്യംചെയ്‌താണ്‌ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌.

എന്നാൽ, സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക്‌ നിയമസാധുത ഇല്ലാത്ത വസ്‌തുത മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന്‌ വാദംകേൾക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *