

രാജാക്കാട്: രാജകുമാരി പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്സൺ(45),സുഹൃത്ത് നടുക്കുടിയിൽ (മോളോകുടിയിൽ) ബിജു (52) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഇവർ ഉൾപ്പെടുന്ന നാലംഗ സംഘം ആനയിറങ്കൽ ജലാശയത്തിൽ എത്തിയത്. ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ച് മടക്കി അയച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൂപ്പാറയിൽ ഇറക്കിയ ശേഷം തങ്ങൾ തമിഴ്നാട്ടിലേക്ക് പോവുകയാണെന്ന് അവരോട് പറഞ്ഞു പിരിഞ്ഞ ശേഷം ജെയ്സനും,ബിജുവും വീണ്ടും ആനയിങ്കൽ ഡാമിൻ്റെ എതിർഭാഗത്ത് എത്തി.ഇവിടെ കുളിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജെയ്സണും അപകടത്തിൽ പെട്ടതെന്നാണ് നിഗമനം. ബിജുവിന്റെ വസ്ത്രങ്ങളും ചെരുപ്പും കരയിൽ തന്നെ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി മുതൽ ഇരുവരുടെയും ബന്ധുക്കൾ ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ ആനയിറങ്കലിന് സമീപം ജെയ്സൻ്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും കരയിൽ നിന്ന് ലഭിച്ചു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ജെയ്സന്റെ മൃതദേഹം ജലാശയത്തിൽ നിന്ന് ലഭിച്ചത്.
ബിജുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് സ്കൂബ ടീമുകളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് ചണ്ണായിങ്കൽ ഐബിയാണ് മരിച്ച ജെയ്സന്റെ ഭാര്യ. മക്കൾ: അജൽ(പ്ലസ് വൺ വിദ്യാർത്ഥി), എയ്ഞ്ചൽ(ഏഴാം ക്ലാസ് വിദ്യാർത്ഥിനി). ബിജുവിന്റെ ഭാര്യ സുമത. മക്കൾ: കൃഷ്ണ, കാർത്തിക. അടുത്ത മാസം രണ്ടിന് മകൾ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ മരണം.