കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ മികച്ച ജീവകാരുണ്യ പ്രവർത്തകന് നൽകുന്ന വീക്ഷണം ഉമ്മൻചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക് ലഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട 15,670 പ്രവാസികളുടെ മൃതദേഹമാണ് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് ഇതിനകം നാട്ടിലെത്തിച്ചത്. വീക്ഷണത്തിന്റെ പ്രഥമ പത്രാധിപർ സി.പി ശ്രീധരന്റെ പേരിൽ ഏർപ്പെടുത്തിയ ‘വീക്ഷണം സർഗശ്രേഷ്ഠ പുരസ്‌കാരം’ എഴുത്തുകാരി സുധാ മേനോൻ കരസ്ഥമാക്കി. വീക്ഷണം മാധ്യമ പുരസ്‌കാരം യുവ മാധ്യമ പ്രവർത്തക മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ സമർപ്പിക്കും.
ഡോ. ശൂരനാട് രാജശേഖരൻ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലീപ്കുമാർ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 19ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മിയാമി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന വീക്ഷണത്തിന്റെ 49ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അഡ്വ.ജയ്‌സൺ ജോസഫ് അറിയിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ വീക്ഷണം പ്രവാസി പുരസ്‌കാരവും മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും വിതരണം ചെയ്യും. അടുത്ത വർഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ, എംപിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉൾപ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. പ്രൗഢഗംഭീരമായ അഘോഷ പരിപാടികൾക്ക് മാറ്റേകി കലാസന്ധ്യയും ഉണ്ടായിരിക്കും.






