തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടു. ഷെൻഹുവ–- 29 കപ്പൽ തിങ്കളാഴ്‌ച ഷാങ്ങ്ഹായിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് യാർഡ് ക്രെയിനുകളുമായാണ് കപ്പൽ എത്തുക. നവംബർ ഒമ്പതിന് കപ്പൽ തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ.
ഷാങ്ങ്ഹായിൽ നിന്ന് ആദ്യം പുറപ്പെട്ട ഷെൻഹുവ–- 15ലെ മൂന്ന് ക്രെയ്‌നുകളിലെ അവസാനത്തെ ക്രെയ്‌ൻ ചൊവ്വാഴ്‌ച കപ്പലിൽനിന്ന് ഇറക്കി.
കൂട്ടത്തിലെ വലിയ, 100 മീറ്റർ ഉയരമുള്ള ഷിപ്പ് ടു ഷോർ ക്രെയ്‌നും ഇറക്കിയതോടെ “ഷെൻഹുവ–- 15′ ബുധനാഴ്‌ച ചൈനയിലേക്ക് മടങ്ങും.
കഴിഞ്ഞ 12നാണ് ആദ്യകപ്പൽ തിരുവനന്തപുരത്ത് എത്തിയത്. തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ എട്ട് ഷിപ്പ് ടു ഷോർ ക്രെയിനും 24 യാർഡ് ക്രെയിനുമാണ് വേണ്ടത്. നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി രണ്ടു കപ്പൽകൂടി ക്രെയിനുമായി എത്തുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു.