ന്യൂഡൽഹി: എന്‍സിആർടി പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ ഇല്ല. രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പുസ്തകങ്ങളിലും ഭാരതെന്ന് തിരുത്തൽ വരുത്താൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. 7 അംഗസമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്ന് സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സി ഐ ഐസകിന്‍റെ നേതൃത്വത്തിലുള്ള സമിതി അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
പ്രാചീന ചരിത്രത്തിന് പകരം ഇനി മുതല്‍ ക്ലാസിക്കൽ ചരിത്രമെന്നാക്കാനും ശുപാർശയുണ്ട്. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണ്. 7000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നത്. ഇന്ത്യയെന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ്.
പുരാതന-മധ്യകാല-ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കും. പുരാണങ്ങൾ പഠിപ്പിക്കുന്നതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നമ്മുടെ പരാജയങ്ങളാണ് നിലവില്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ മുഗളന്‍മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരായ നമ്മുടെ വിജയങ്ങള്‍ നിലവില്‍ ഇല്ല.
പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്തും. മാർത്താണ്ഡ വർമ്മയുടെ ചരിത്രവും പുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും ശുപാർശ ചെയ്തതെന്നും ഐസക് പറഞ്ഞു.