കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കുമ്പള പ്രമോദ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.വി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിൻ, എന്നിവരടങ്ങിയ ബെഞ്ചിൻറെതാണ് വിധി. തലേശേരി അഡീഷണൽ കോടതി പ്രതികൾക്കെതിരേ ജീവപര‍്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. ബാലകൃഷ്ണൻ, കുന്നപാടി മനോഹരൻ, മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന മാണിയം പറമ്പത്ത് പവിത്രൻ, പട്ടാരി ദിനേശൻ, കേളോത്ത് ഷാജി, അണ്ണേരി പവിത്രൻ, റിജേഷ്, കുളത്തുങ്കണ്ടി ധനേശ്, പട്ടാരി സുരേഷ് ബാബു, വാളോത്ത് ശശി, അണ്ണേരി ബിപിൻ, എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ ഒന്നാം പ്രതിയായ ബാലകൃഷ്ണൻ വിചാരണക്കിടെ മരിച്ചിരുന്നു.
2007 ലായിരുന്നു പ്രമോദ് കൊല്ലപ്പെട്ടത്. സുഹൃത്ത് പ്രകാശനും പരുക്കേറ്റിരുന്നു. ഇരുവരും കോൺക്രീറ്റ് പണിക്ക് പോകുന്നതിനിടെ പ്രതികൾ മാരക ആയുധങ്ങളുമായി ആക്രമിച്ചുവെന്നാണ് കേസ്.