കൊച്ചി: സോളാർ കേസിൽ പരാതിക്കാരിയുടെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഗണേഷ് കുമാറിന് തിരിച്ചടി. കേസിൽ തുടരന്വേഷണ നടപടി റദ്ദാക്കണമെന്ന ഹർജിയും കേസിൽ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളുകയായിരുന്നു. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഗുഢാലോചന നടത്തിയെന്നും കൂടുതൽ കാര്യങ്ങൾ എഴുതി ചേർത്തെന്നുമാണ് ഗണേഷ്കുമാറിനെതിരായ പരാതി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയും ചെയ്തെന്നുമായിരുന്നു പരാതിയിൽ പറയുന്നത്. തുടർന്ന് കൊട്ടാരക്കര മജിസ്ട്രറ്റ് കോടതി ഈ വിഷയത്തിൽ കേസെടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാവാൻ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ഗണേഷ് കുമാർ ഹാജരായില്ല, മറിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കേസിൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടിരുന്നു. തനിക്ക് ഗൂഢാലോചനയുമായി ബന്ധമില്ലെന്നും കത്ത് എഴുതിയതും കോടതിയിൽ സബ്മിറ്റ് ചെയ്തതും പരാതിക്കാരി മാത്രമാണെന്നായിരുന്നു ഗണേഷിൻറെ വാദം.