മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മലപ്പുറത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് കെ.പി.സി.സി മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം നേതാക്കളും പിന്മാറി. പങ്കെടുക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന നിർദേശത്തെ തുടർന്നാണ് പിൻവാങ്ങൽ.
അതേസമയം, പ്രധാന നേതാക്കൾ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന് ആര്യാടൻ ഫൗണ്ടേഷൻ അറിയിച്ചു. താക്കീത് നൽകിക്കൊണ്ടുള്ള കെ.പി.സി.സി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെ.പി.സി.സി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിരുന്നു. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വം രംഗത്തെത്തിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഭൂരിഭാഗം നേതാക്കളും പരിപാടിയിൽ നിന്ന് വിട്ടുനിന്നത്.