തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എന്‍ ശങ്കരയ്യയുടെ നിര്യാണത്തിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു.
1964 ഏപ്രിലില്‍ സി.പി.ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ(എം) രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിൽ അംഗമായിരുന്ന ശങ്കരയ്യ രാജ്യത്തൊട്ടാകെ തൊഴിലാളി വർഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
8 വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു.
1967ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977ലും 1980ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയും തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് ശങ്കരയ്യ പാർലമെൻററി രംഗത്തും മികവ് തെളിയിച്ചു. അദ്ദേഹത്തിന്‍റെ വേർപാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാകാത്ത വിടവാണെന്നും മന്ത്രി പറഞ്ഞു.