ഇഞ്ചൂർ: കോതമംഗലം രൂപതാ വൈദികൻ റവ.ഡോ.തോമസ് പെരിയപ്പുറം(76) നിര്യാതനായി. മുവാറ്റുപുഴ നിർമ്മല കോളേജ്, മുരിക്കാശ്ശേരി പാവനാത്മാ കോളേജ് എന്നിവയുടെ പ്രിൻസിപ്പലായും ഇടുക്കി രൂപതയുടെ വികാരി ജനറാളായും പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികദേഹം 16/11/2023 വ്യാഴം വൈകുന്നേരം 5 മുതൽ കോതമംഗംലം കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. സംസ്കാരം ശുശ്രൂഷയുടെ ആദ്യഭാഗം 17/11/2023 വെള്ളി രാവിലെ 11ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഉച്ചകഴിഞ്ഞ് 1.45വരെ കത്തീഡ്രൽ പള്ളിയിൽ പൊതുദർശനം. 1.45ന് സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗവും പരിശുദ്ധ കുർബാനയോട് കൂടിയ മൂന്നാം ഭാഗവും കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തുടർന്ന് അച്ചന്റെ ഇടവക പള്ളിയായ ഇഞ്ചൂർ ദേവാലയത്തിലേക്ക് 3.30ന് കൊണ്ടുപോകും. സംസ്കാരം ഇഞ്ചൂർ പള്ളി സെമിത്തേരിയിൽ.
1947 ഫെബ്രുവരി 19ന് ഇഞ്ചൂർ സെന്റ്. ആന്റണീസ് ഇടവകയിൽ ഏനാനല്ലൂർ കരയിൽ പെരിയപ്പുറം ഔസേപ്പ് മത്തായി – ഏലി ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ചു. ഫെബ്രുവരി 27ന് വികാരി ഫാ.ജോർജ് കൊച്ചുപറമ്പിലിൽ നിന്നും മാമോതിസ സ്വീകരിച്ചു. വീടിനടുത്തുള്ള എഴുത്തു കളരിയിൽ ആയിരുന്നു അക്ഷരമാലാ പഠനം.
തുടർന്ന് പുളിന്താനം ഗവൺമെന്റ് എൽ.പി സ്കൂളിൽ ചേർന്നു. അഞ്ചാം ക്ലാസ് മുതൽ 11ആം ക്ലാസ് വരെ പോത്താനിക്കാട് സെന്റ്. മേരീസ് ഹൈസ്കൂളിൽ ആയിരുന്നു പഠനം. 1964ൽ കോതമംഗലം മൈനസ് സെമിനാരിയിൽ ചേർന്നു. 1966 മെയ് 31ന് വടവാതൂർ സെന്റ്. തോമസ് അപ്പസ്തോലി സെമിനാരിയിലായിരുന്നു തുടർ പഠനം.
1972 ഡിസംബർ 18ന് കോതമംഗലം സെന്റ്. ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. ഡിസംബർ 20ന് ഇഞ്ചൂർ പള്ളിയിൽ പ്രഥമ പൂജാർപ്പണം നടത്തി. 1973 മെയ് ഒന്നിന് കോതമംഗലം സെന്റ്. ജോർജ് കത്തീഡ്രൽ പള്ളിയിൽ സഹവികാരിയായി നിയമിതനായി.
തുടർന്ന് ചെപ്പുകുളം, കോതമംഗലം മൈനസ് സെമിനാരിയിൽ, ഒപ്പം അംബികാപുരം, വടാട്ടുപാറ പള്ളികളിൽ സേവനം ചെയ്തു. കോലടി പള്ളി വികാരിയും മുവാറ്റുപുഴ നിർമ്മലാ കോളേജിൽ മലയാളം അധ്യാപകനായും ബർസാറായും പ്രവർത്തിച്ചു.
തുടർന്ന് മുരിക്കാശ്ശേരി പാവനാത്മാ കോളേജ് പ്രിൻസിപ്പൽ, നിർമ്മലാ കോളേജ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് നെടിയശാല, ഇടുക്കി രൂപതാ വികാരി ജനറാൾ, കോതമംഗലം സെന്റ്. ജോർജസ് കത്തീഡ്രൽ, തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളി, മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു.
കഴിഞ്ഞ വർഷം മുതലക്കോടം സെന്റ്, ജോർജ് ഫൊറേന പള്ളിയിൽ വച്ച് പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിച്ചിരുന്നു. ദൈവ പരിപാലനയുടെ അമ്പതാണ്ടെന്ന പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. പുരോഹിത ശുശ്രൂഷയുടെ ഓർമ്മകുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.