കരിങ്കുന്നം: തൊടുപുഴ ഉപജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇതാദ്യമായി കഥകളിയുടെ താളവും. വർഷങ്ങൾ നീണ്ട പരിശീലനത്തോടെ മാത്രം തട്ടേൽ കേറുന്ന കലാരൂപമായതിനാൽ സാധാരണ കലോത്സവ വേദികളിൽ വിരളമാണ് കഥകളി.
പാരമ്പര്യകലയായ കഥകളി അഭ്യസിക്കുന്നവർ മധ്യകേരളത്തിൽ കുറവായതാണ് ജില്ലയിലെ കലോത്സവവേദികളിൽ സംസ്ഥാനത്തിന്റെ തനതായ ദൃശ്യകലാരൂപത്തിന്ന് മത്സരാർഥികൾ കുറയാനുള്ള ഒരു കാരണം.
പഠിക്കാനെടുക്കുന്ന സമയക്കൂടുതലും ഭാരിച്ച സാമ്പത്തിക ചെലവും കലോത്സവവേദിയിൽ നിന്ന് കഥകളി അകലാനുള്ള മറ്റുചില കാരണങ്ങൾ.ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി എഡ്വിൻ എസ്. ചെമ്പരത്തി ഇത്തവണ തൊടുപുഴ ഉപജില്ലാ കലോത്സവത്തിന് ചുട്ടികുത്തിയത്.
ആദ്യ ചുവടുവെയ്പ്പിൽ തന്നെ ഉപജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് എഡ്വിൻ പടിയിറക്കം. ഇനി ജില്ലാ കലോത്സവം മാത്രമാണ് എഡ്വിന്റെ ലക്ഷ്യം.
കോട്ടയം തമ്പുരാന്റെ കാലകേയ വധം എന്ന ആട്ടക്കഥയിലെ അർജുന വേഷം ഇട്ടാണ് എഡ്വിൻ ഈ നേട്ടംകൊയ്തത്. ഇന്ദ്രന്റെ ക്ഷണപ്രകാരം സ്വർഗ്ഗലോകത്ത് എത്തിയ പുത്രനായ അർജുനൻ ഇന്ദ്രനെയും ഇന്ദ്രാണിയെയും കണ്ട് വന്ദിക്കുന്ന ഭാഗം അഷ്ടകലാശത്തോടെ അവതരിപ്പിക്കുന്ന ഭാഗമാണ് മുതലക്കോടം ചെമ്പരത്തിയിൽ സാജു വർഗീസ്, സ്മിത ദമ്പതികളുടെ മകൻ എഡ്വിൻ രംഗത്ത് അവതരിപ്പിച്ചത്.