ആലുർ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരള ബൗളർമാരുടെ മികച്ച പ്രകടനം. സൗരാഷ്‌ട്രയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിൻറെ തീരുമാനം ശരിവച്ചുകൊണ്ട് കേരള ബൗളിങ് നിര സൗരാഷ്‌ട്രയെ 49.1 ഓവറിൽ 185 റൺസിന് പുറത്താക്കി.
പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസ് ബൗളർ അഖിൻ സത്താർ തിളങ്ങി. ഇരുപതുകാരനായ അഖിൻ ഉൾപ്പെടെ നാല് പേസ് ബൗളർമാരെയാണ് കേരളം ഈ മത്സരത്തിൽ അണിനിരത്തിയത്.
അഖിനൊപ്പം ന്യൂബോളെടുത്ത വെറ്ററൻ പേസർ ബേസിൽ തമ്പി 42 റൺസിന് രണ്ട് വിക്കറ്റ് നേടി. 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ അഖിൽ സ്കറിയയും 19 റൺസിന് ഒരു വിക്കറ്റ് നേടിയ എൻ.പി ബേസിലും മികച്ച പിന്തുണ നൽകി.
കർണാടകയിൽ നിന്നുള്ള അതിഥി താരം ലെഗ് സ്പിന്നർ ശ്രേയസ് ഗോപാൽ 29 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ആറോവറിൽ 28 റൺസ് വഴങ്ങിയ സിജോമോൻ ജോസഫ് മാത്രമാണ് വിക്കറ്റൊന്നും കിട്ടാത്ത കേരള ബൗളർ.
ഒരു ഘട്ടത്തിൽ 65 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായ സൗരാഷ്‌ട്രയെ ഓൾറൗണ്ടർ വിശ്വരാജ് ജഡേജയും(121 പന്തിൽ 98) ക്യാപ്റ്റൻ ജയദേവ് ഉനദ്‌കതും(54 പന്തിൽ 37) ചേർന്നാണ് 134 വരെയെത്തിച്ചത്.
സൗരാഷ്‌ട്ര ബാറ്റിങ് നിരയിൽ മറ്റാരും രണ്ടക്ക സ്കോറിൽ പോലും എത്തിയില്ല. കേരള ബൗളർമാർ വിട്ടുകൊടുത്ത 17 എക്സ്ട്രാ റൺസാണ് മൂന്നാമത്തെ ഉയർന്ന സ്കോർ!