തിരുവനന്തപുരം : നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രിയ്ക്ക് തെറ്റ് സംഭവിച്ചില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചു. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കി എന്നും വിശദീകരണം നല്‍കി.
വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്. സോഫ്റ്റ്‌വെയറിൽചില തടസങ്ങള്‍ ഉണ്ട്. പ്രശ്നം സോഫ്റ്റ്‌വെയറിന്‍റെ ആണെന്ന് വ്യക്തമായി. അസാധാരണമായി ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച സഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കിയതിനാണ് ആരോഗ്യമന്ത്രി സ്പീക്കറുടെ താക്കീത് നേരിട്ടത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ആരോഗ്യമന്ത്രി സഭയില്‍ ഒരേ ഉത്തരം നല്‍കിയത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് എ.പി.അനില്‍കുമാറിന്റെ പരാതിയിലായിരുന്നു സ്പീക്കറുടെ ഇടപെടല്‍.സഭയില്‍ ഇന്നലെ പേവിഷബാധയെക്കുറിച്ചുള്ള വിശദീകരണത്തില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുടെ തിരുത്തും നേരിട്ടു. പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി ഇടപെട്ടത്.
പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സീനെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്‌സിന്‍ വാങ്ങുന്നത്. അന്‍പതിനായിരം വയല്‍ വാക്‌സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ല. പരാതി വന്നപ്പോള്‍ പരിശോധനയ്ക്കയച്ച് പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയാണ് ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു.