ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നതാണ് ലീഗിൻറെ നിലപാടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാവുമെന്നതിൽ സംശയമുണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും മുസ്ലീം ലീഗ് വ്യക്തമാക്കുന്നു. ഇതുവരെ ലീഗിൻറെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്ലീം ലീഗ് വ്യക്തിനിയമ ബോർഡിനു വേണ്ടി ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുരഹീം മുജാദിദ് ആണ് ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലീം ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.