പാലക്കാട്: മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കുടുംബവും നാട്ടകാരും. മരണത്തിൽ നടപടിയെടുക്കാതെ അലൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിലെന്ന കടുത്ത നിലപാടിലാണ് കുടുംബം. എന്നാൽ വനംവകുപ്പിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ 23കാരനായ അലൻ മരണപ്പെടുന്നത്. വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുവഴിയാണ് കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ച് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുന്നത്. അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരുക്കേറ്റ വിജി കൈയിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്.
ആശുപത്രിയിൽ എത്തും മുൻപെ ഗുരുതര പരുക്കേറ്റ അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരുക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എന്നാൽ പ്രദേശത്ത് ആഴ്ചകളായി കാട്ടാനകൾ ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ലെന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി.എ. ഗോകുൽദാസ് പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ അലൻറെ അമ്മ വിജിക്ക് ചികിത്സാ സഹായമായി ഒരുലക്ഷം രൂപയും കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.