തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്.
കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ലഹരി വ്യാപനം ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഈ വര്‍ഷം മാത്രം 16,228 കേസുകളെടുത്തു.
സ്ഥിരം ലഹരിക്കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കും. കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയില്‍നിന്ന് ബോണ്ട് വാങ്ങും. എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്‌കൂളുകളിലേക്ക് ലഹരി എത്തുന്നു. സര്‍ക്കാര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം ഗൗരവമാണെന്നും ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.