ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം.പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു.
യുഎപിഎ കേസിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിൻ്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.
പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജാമ്യം നൽകുന്നതു സാക്ഷികൾക്കു ഭീഷണിയാണെന്നാണു സർക്കാരിൻ്റെ വാദം.
മൂന്ന് ദിവസത്തിനുള്ളിൽ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കണം. തുടർന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം. ജാമ്യത്തിൽ ഇറങ്ങുന്ന കാപ്പൻ ഡൽഹിയിലെ ജങ്ക്പുരയിൽ ആണ് ആദ്യ ആറ് ആഴ്ച കഴിയേണ്ടത്. എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.
ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് കാപ്പന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയാണ് ഹാജരായത്.