Timely news thodupuzha

logo

പുരോഹിതന്മാർക്കും സമരം ചെയ്യാൻ അവകാശമുണ്ട്; വിഴിഞ്ഞം സമരത്തിൽ നിലപാട് പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: വിഴിഞ്ഞത്ത് സമരം ചെയ്യുന്നവര്‍ മതതീവ്രവാദശക്തികളുമായി ബന്ധമുള്ളവരാണെന്ന് കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.  വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതൊക്കെ ചെയ്യും. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. അതുകൊണ്ടു തന്നെ അതിനെ എതിര്‍ക്കേണ്ടതില്ല. പുരോഹിതന്മാര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കരയില്‍ നടന്നത്. മതതീവ്രവാദശക്തികളാണ് ആവിക്കരയിലെ സമരത്തിന് പിന്നിലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ആവിക്കരയിലെ സീവേജ് പ്ലാന്റുവരണമെന്ന് എല്ലാരാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ചില ശക്തികള്‍ ഇതിനെതിരെ ജനങ്ങളെ ഇളക്കിവിടുകയായിരുന്നുവെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയുടെ കാര്യത്തിലും ഇതുതന്നെയാണുണ്ടായത്. ശ്രീചിത്രയിലും മെഡിക്കല്‍ കോളേജിലും ആവിക്കരയിലെതുപോലുള്ള പ്ലാന്റുണ്ടാക്കിയിട്ടുണ്ട്. അവിടെ ആളുകള്‍ക്ക് ഇരിക്കാനും കാണാനുമുള്ള സുന്ദരമായ സ്ഥലമുണ്ടാക്കി. ഒരു തവണ കൂടി ശുദ്ധീകരിച്ചാല്‍ കുടിക്കാന്‍ പോലും ആവെള്ളം കുടിക്കാന്‍ പോലും പറ്റുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അന്‍പതുവര്‍ഷക്കാലത്തെ അപ്പുറം കടന്നുള്ള പദ്ധതിയാണിത്.

ഇതുപോലെതന്നെയാണ് ആവിക്കരയില്‍ പ്ലാന്റുകൊണ്ടു യാതൊരു ദോഷവും വരാനില്ല. കണ്ണൂര്‍ ചാലാട് അമൃത്പദ്ധതിയുടെ ഭാഗമായി നടത്തുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള സമരം പിന്നീട് ഇടപെട്ടു തിരുത്തിച്ചു. പ്രതിഷേധിച്ചവരോട് തിരുവനന്തപുരം കോര്‍പറേഷനിലെ പ്ലാന്റ് പഠിക്കാന്‍ അയച്ചപ്പോള്‍ അവര്‍ക്കു ബോധ്യമായി. കണ്ണൂരിലെ ഏറ്റവും മലിനവും ദുര്‍ഗന്ധവും വമിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചാലാടെന്ന് അതിലൂടെ യാത്രചെയ്യുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് 27 കോടിരൂപ ചെലവഴിച്ചു അമൃത്പദ്ധതി അവിടെ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ സമരം ചെയ്ത ശുചീകരണ തൊഴിലാളികളുടെ വിഷയം ഇതുവരെ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അവര്‍ നടത്തിയ സമരത്തിന്റെ രൂപത്തെ കുറിച്ചറിയില്ല. എല്ലാപ്രക്ഷോഭങ്ങളെയും സമരങ്ങളെയും എതിര്‍ക്കുകയോ സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഈക്കാര്യത്തില്‍ ആവശ്യമാണെങ്കില്‍ തിരുത്തല്‍ വരുത്തുന്ന പാര്‍ട്ടിയാണ് സി.പി. എം. സ്വയം നവീകരിക്കാതെ കേരളത്തിന് മുന്‍പോട്ടുപോകാനില്ല.

അങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് എല്‍.ഡി. എഫ് സര്‍ക്കാരിനെ വീണ്ടും ജനങ്ങള്‍ അധികാരത്തിലെത്തിയത്. കെ.റെയില്‍ കേരളത്തെ സംബന്ധിച്ചിടുത്തോളം അനിവാര്യമാണെന്നും അതു കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.വിജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ പങ്കെടുത്തു. കെ.സന്തോഷ്‌കുമാര്‍ നന്ദിപറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *