ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ആറുവയസുകാരിയെ പുലി കടിച്ചുകീറി കൊന്നു. പിതാവിനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നൈനയെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
മാവിൻ തോട്ടത്തിനടുത്ത് വെച്ച് കുട്ടിയുടെ മുന്നിലേക്ക് ചാടിവീണ പുലി നൈനയെ കടിച്ചു വലിച്ചുകൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ ഒപ്പം പിതാവും ഉണ്ടായിരുന്നു.
അദ്ദേഹം ബഹളംവെച്ച് ആളെകൂട്ടിയപ്പോഴേക്കും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇതോടെ, ബിജ്നോറിൽ ഒമ്പതുമാസത്തിനിടെ കൊല്ലപ്പെടുന്ന 19ആമത്തെ ആളാണ് നൈന. കരിമ്പിൻപാടത്തുവച്ച് 13 കാരനെ കൊലപ്പെടുത്തിയതാണ് ഇതിനു മുമ്പുണ്ടായ സംഭവം.
പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതുമുതൽ ഇതുവരെ 48 ലേറെ പുലികളെ പിടികൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് അറിയിച്ചു.