Timely news thodupuzha

logo

ഗാസയിൽ ജീവകാരുണ്യ സഹായമെത്തിക്കുന്നതിന്റെ കോ ഓർഡിനേറ്ററായി നെതർലൻഡ്‌സ്‌ മുൻ ഉപപ്രധാനമന്ത്രിയെ നിയമിച്ചു

ഗാസ സിറ്റി: ഇടതടവില്ലാതെ ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ജീവകാരുണ്യ സഹായമെത്തിക്കുന്നതിന്റെ കോ ഓർഡിനേറ്ററായി നെതർലൻഡ്‌സ്‌ മുൻ ഉപപ്രധാനമന്ത്രി സിഗ്രിഡ് കാഗിനെ പ്രഖ്യാപിച്ച്‌ ഐക്യരാഷ്‌ട്ര സംഘടന.

ഗാസയിൽ ഉടൻ ഒരു മുതിർന്ന ജീവകാരുണ്യ – പുനർനിർമാണ കോ ഓർഡിനേറ്ററെ നിയമിക്കണമെന്ന് അഭ്യർഥിക്കുന്ന പ്രമേയം വെള്ളിയാഴ്ച രക്ഷാസമിതി അംഗീകരിച്ചതിന് പിന്നാലെയാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രഖ്യാപനം.

ജനുവരി എട്ടിന്‌ അവർ പ്രവർത്തനം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അറബി ഉൾപ്പെടെ ആറുഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കാഗിന്‌ അറിയാം. പലസ്‌തീൻ അതിർത്തിയിൽ ഉൾപ്പെടെ മധ്യപൗരസ്‌ത്യ ദേശത്ത്‌ അവർ നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്‌.

അതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,110 കവിഞ്ഞു. 24 മണിക്കൂറിനിടെ 195 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഖാൻ യൂനിസിലെ എൽ അമാൽ സിറ്റി ആശുപത്രിക്കു സമീപം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ദെയർ എൽ – ബലയിലെ ജാഫ മസ്ജിദ് തകർന്നു. വെസ്റ്റ്‌ ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഡ്രോൺ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

അതേസമയം, ഗാസയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാർജയിൽ പുതുവർഷ വെടിക്കെട്ട് നിരോധിച്ചു. ഷാർജ പൊലീസ്‌ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Leave a Comment

Your email address will not be published. Required fields are marked *