ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണത്തിൽ തങ്ങളുടെ നിലപാട് നേരത്തെ അറിയിച്ചതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ഞങ്ങളെ കെണിയിൽപ്പെടുത്താനൊന്നും ബി.ജെ.പിക്ക് പറ്റില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ക്ഷേത്രനിർമ്മാണത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്.
ഇത്തരം കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നതിനോട് കോൺഗ്രസിന് ഒരു കാരണവശാലും യോജിപ്പില്ല. ഈ വിഷയത്തിൽ കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞ കാര്യം കെ.പി.സി.സി പ്രസിഡൻറിനോട് ചോദിക്കണമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്നും അല്ലാതെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അല്ലന്നും കെ സുധാകരൻ പറഞ്ഞു.
വിഷയത്തിൽ കെ.പി.സി.സിയോട് അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കും. സമസ്തയ്ക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് നിലപാട് പറയേണ്ടത് ദേശീയ നേതൃത്വമാണെന്ന് ശശി തരൂർ എം.പിയും പറഞ്ഞു. സി.പി.എമ്മിന് മതവിശ്വാസം ഇല്ലാത്തതിനാൽ എളുപ്പത്തിൽ ഒരു തീരുമാനം എടുക്കാം. എന്നാൽ കോൺഗ്രസ് അതുപോലെയല്ലെന്നും തരൂർ പറഞ്ഞു.