Timely news thodupuzha

logo

‘തീരുമാനം അംഗീകരിക്കുന്നു, സംഘടന പിരിച്ചു വിടുന്നു’; പ്രസ്താവനയിറക്കി പിഎഫ്ഐ കേരള ഘടകം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പിഎഫ്ഐ പിരിച്ചുവിട്ടതിനു പിന്നാലെ സംഘടന പിരിച്ചു വിടുന്നതായി പ്രസ്താവനയിറക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം. രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, തീരുമാനം അംഗീകരിക്കുന്നുവെന്നാണ് പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.  

‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്‍റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.  

പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്‍റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.’-പ്രസ്താവനയില്‍ പറയുന്നു. 

അന്വേഷണത്തില്‍ ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് 5 വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിഎഫ്ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും ചൂണ്ടിയാണ് നിരോധനം. 

Leave a Comment

Your email address will not be published. Required fields are marked *