കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുഎപിഎ, 120 ബി, 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ അബ്ദുൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താർ, ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു.