Timely news thodupuzha

logo

ഗവര്‍ണറുടെ അസാധാരണ നടപടി: കേരള സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിച്ചു.  കഴിഞ്ഞദിവസം വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോ​ഗം ക്വാറം തികയാത്തതിനെ തുടർന്ന് പിരിഞ്ഞ സംഭവത്തിലെ ഭാഗമായാണ് അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.

ശനിയാഴ്ച്ച മുതൽ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്. ഗവർണറുടെ അന്ത്യശാസന മറികടക്കാനായാണ് അം​ഗങ്ങൾ യോ​ഗത്തിൽ നിന്നു വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള കാരണം.

വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു. പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല.

ക്വാറം തികയാതെ പിരിഞ്ഞതിനെ തുടർന്നു യോ​ഗത്തിൽ ആരൊക്കെ പങ്കെടുത്തു പങ്കെടുത്തില്ല എന്ന കാര്യം വിസിയോട് ​ഗവർണർ അന്വേഷിച്ചിരുന്നു. പട്ടിക പരിശോധിച്ചപ്പോൾ നോമിനികളായ അം​ഗങ്ങളിൽ മൂന്ന് പേർ മാത്ര​മാണ് പങ്കെടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യോ​ഗത്തിൽ പങ്കെടുക്കാത്ത നോമിനികളെ പിൻവലിക്കാൻ അദ്ദേഹം തീരുമാനം എടുത്തത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

അടുത്ത മാസം നാലിന് സെനറ്റ് യോ​ഗം ചേർന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രിയും വിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെയാണ് ​ഗവർണറുടെ അപൂർവ നടപടി. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവും.

Leave a Comment

Your email address will not be published. Required fields are marked *