കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ് ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇന്നലെ രാവിലെ കൊല്ലത്ത് ഇയാളെ കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നു എന്നാണ് പറഞ്ഞത്. കൊല്ലത്ത് നിന്ന് പിന്നീട് ബസിലാണ് അഷ്റഫ് കോഴിക്കൊട് എത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും അറിയില്ലെന്ന് അഷ്റഫ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ണുകെട്ടിയിരുന്നു. ഹെല്‍മറ്റ് ധരിപ്പിക്കുകയും മര്‍ദിക്കുകയും കയ്യിലും കാലിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ട് മുറുക്കിയ പാടുകളുണ്ട്. അക്രമികള്‍ കയ്യിലുണ്ടായിരുന്ന ഫോണും ഹെല്‍മറ്റും പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ പരിചയമുണ്ടെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി 10 മണിക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വെഴുക്കൂർ എൽപി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് ഇയാളെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പിന്നീട് ഈ വിവിരം പൊലീസിൽ അറിയിച്ചത്.
അതേസമയം, സംഭവത്തില്‍ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹർ, മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിൻറെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിവരം.