മുംബൈ: മുംബൈയിൽ സഹപാഠിയെ കത്തികൊണ്ട് ആക്രമിച്ചതിന് ഹൈസ്‌കൂൾ വിദ്യാർഥിക്കെതിരെ കേസ്. നഗരത്തിലെ പവായ് ഹൈസ്‌കൂളിലെ 14 വയസ് വിദ്യാർത്ഥിക്കെതിരെയാണ് സക്കിനാക്ക പോലീസ് വധ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്, കത്തികൊണ്ട് ആക്രമിച്ചതിനാൽ ഇരയുടെ കവിളിലും പുറകിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജനുവരി 28നാണ് കേസിനസ്പദമായ സംഭവം നടന്നത്.
പോലിസ് അന്വേഷണത്തിൽ ഇരുവരും ഒരാഴ്ച്ച മുമ്പ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഉച്ചയ്ക്ക് ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സ്കൂൾ ഗ്രൗണ്ടിൽ കാണാൻ തീരുമാനിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ട് വിദ്യാർത്ഥികളും സുഹൃത്തുക്കളോടൊപ്പം ഗ്രൗണ്ടിൽ ഒത്തുകൂടി. പിന്നീട് തർക്കമുണ്ടാകുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും കവിളിലും തോളിലും മുതുകിലും പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.കണ്ടുനിന്നവർ ഇടപെട്ട് അക്രമിയെ നിരായുധനാക്കി പോലീസിൽ ഏൽപ്പിച്ചു.
തുടർന്ന് പത്താംക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി രാജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു.