ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
2019ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. ആദായ നികുതി സ്ലാബുകളിലും, നികുതി നിരക്കുകളിലും മാറ്റമില്ല. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്. 10 വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍ – പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 2 കോടി വീടുകള്‍ കൂടി യാഥാര്‍ത്ഥ്യമാകും, കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ രാജ്യത്താകെ സ്ഥാപിക്കും, ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും, തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കും, മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴില്‍ അവസരങ്ങള്‍, 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കും, അഞ്ച് ഇന്‍റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും, രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പ്പാദനം കൂട്ടും, ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും, ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം, ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി, സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കും, പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും, ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യ വികസനം, പുതിയ നികുതി നിര്‍ദേശങ്ങളില്ല, ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ, ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല, സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടരും, യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നല്‍കും, മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും, കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും, 11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും, സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കും, അടുത്ത അഞ്ച് വര്‍ഷം ഒമ്പതിനും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.