Timely news thodupuzha

logo

രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോമുകളും ഏകീകരിക്കണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് മോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് യൂണിഫോമില്‍ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിന് ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരുയൂണിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മോദി പറഞ്ഞു. പ്രസംഗത്തില്‍ സുപ്രധാനനിര്‍ദേശങ്ങളും മോദി മുന്നോട്ടുവച്ചു. 5G യുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മോദി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനപാലമെന്ന് എതെങ്കിലും ഒരു സംസ്ഥാനത്തിന്‍റെയോ കേന്ദ്രത്തിന്‍റെയോ മാത്രം പ്രശ്‌നമല്ല. ഇരുവിഭാഗങ്ങളും ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണം. കോവിഡ് കാലത്ത് കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്തെ പൊലീസും മികവുറ്റരീതിയിലായിരുന്നു പ്രവര്‍ത്തിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി

കുറ്റകൃത്യങ്ങളുടെ വേഗതമുന്നില്‍ കണ്ട് കാലോചിതമായ പരിഷ്‌കരണം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവണം. പൊതുവായ പൂളിലൂടെ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഡാറ്റാബെയ്‌സ് ഉണ്ടാക്കണമെന്ന് മോദി പറഞ്ഞു. ഭീകരത തടയുന്നതില്‍ യുഎപിഎ സുപ്രധാന പങ്കാണ് വഹിച്ചത്. പൊലീസ് സേനയുടെ നവീകരണം, സൈബര്‍ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീസുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളാകും വിശകലന യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *