മുംബൈ: ബർഗറുകളിലും നഗ്ഗറ്റ്സിലും ഉപയോഗിക്കുന്ന ചീസ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലുള്ള മക്ഡോണൾഡ്സ് ഒട്ട്‌ലെറ്റിൻറെ ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻറേതാണ് നടപടി.
സംസ്ഥാന വ്യാപകമായും രാജ്യ വ്യാപകമായും ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കണമെന്ന ബഹുരാഷ്‌ട്ര കുത്തക കമ്പനിക്ക് എഫ്.ഡി.എ കർക്കശ നിർദേശം നൽകിയിരിക്കുകയാണ്.
യഥാർത്ഥ ചീസിൻറെ രുചിയും രൂപവും എല്ലാമുള്ള കൃത്രിമ വസ്തുവാണ് മക്ഡോണൾഡ്സിൻറെ ഔട്ട്‌ലെറ്റിൽ ഉപയോഗിച്ചിരുന്നത് എന്നാണ് പരിശോധനയിൽ വ്യക്തമായത്.
പലപ്പോഴും വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണ് ഇതു നിർമിക്കുന്നത്. എന്നാൽ, ഇക്കാര്യം വ്യക്തമാക്കാതെ ചീസെന്ന പേരിലാണ് വിൽപ്പന.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണിതെന്ന് എഫ്.ഡി.എ കമ്മീഷണർ അഭിമന്യു കാലെ പറഞ്ഞു. ചീസ് നഗ്ഗറ്റ്സ്, ചീസി ഡിപ്പ്, ചീസ് ബർഗർ തുടങ്ങിയ പേരുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിലെല്ലാം വ്യാജ ചീസാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മറ്റു പല പിസ – ബർഗർ ചെയിനുകളും ഈ രീതി പിന്തുടരുന്നതായി സംശയിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ ഇതു കണ്ടെത്താൻ കൂടുതൽ ഊർജിതമായ പരിശോധനകൾ നടത്തുമെന്നും കാലെ വ്യക്തമാക്കി.