തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി സിഎംആർഎൽ കമ്പനിക്കായി ഇടപെട്ടു.
വൻ ലാഭമുണ്ടാക്കാൻ കരിമണൽ നിസാര വിലയ്ക്ക് നൽകിയെന്നും കുഴൽനടൻ ആരോപിച്ചു. മാസപ്പടി വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഎമ്മോ സർക്കാരോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
സിഎംആർഎല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിൻറെ രേഖകൾ പുറത്തുവിട്ടിട്ടും സിപിഎമ്മോ വ്യവസായ വകുപ്പോ മറുപടി നൽകുന്നില്ല, സിഎംആർഎല്ലിനു നൽകിയ കരാർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി നൽകിയത് ഒറ്റ വരി മറുപടി മാത്രമാണെന്നും കുഴൽനാടൻ പറഞ്ഞു.
100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇൻററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നൽകിയത് പിവിക്കാണെന്ന പരാമർശത്തിലെ പിവി പിണറായി വിജയനാണെന്നും കുഴൽനാടൻ ആരോപിച്ചു.
താൻറെ ആരോപണങ്ങളിൽ തുറന്നചർച്ചയ്ക്ക് തയാറാണെന്നും എം.ബി രാജേഷും പി. രാജീവും ചർച്ചയ്ക്ക് തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്‌തെടുത്തു.
സംസ്ഥാനത്തിന് ഇതുവഴി എത്ര രൂപയുടെ നഷ്ടമാണുണ്ടായത്. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ടെന്ന് കുഴൽനാടൻ ആരോപിച്ചു.