Timely news thodupuzha

logo

ഗാസ നിവാസികളിൽ നിർജലീകരണവും പോഷകാഹാരക്കുറവും വ്യാപകം

ഗാസ സിറ്റി: വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു.

ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌.

കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ ഡെപ്യൂട്ടി ചീഫ് രമേഷ് രാജസിംഹം പറഞ്ഞു.

നിർജലീകരണം, പോഷകാഹാരക്കുറവ്‌ എന്നിവമൂലം കുട്ടികൾ മരിക്കുന്നുണ്ടെന്നും കൂടുതൽ സഹായങ്ങൾ എത്തിയില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ പട്ടിണിമൂലം നിരവധിപ്പേർ കൊല്ലപ്പെടുമെന്നും ഗാസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്‌ നൽകി.

ഗാസ സിറ്റിയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ രണ്ട് നവജാത ശിശുക്കൾ ഇത്തരത്തിൽ കൊല്ലപ്പെട്ടു. പലസ്‌തീൻ ജനതയെ ഇസ്രയേൽ ബോധപൂർവം പട്ടിണിക്കിടുകയാണെന്ന്‌ ഖത്തർ പ്രതികരിച്ചു.

പലസ്തീൻ ജനതയെ ബോധപൂർവം പട്ടിണിക്കിടുന്നത്‌ വച്ചു പൊറുപ്പിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ നിലകൊള്ളണമെന്നും വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.

വടക്കൻ ഗാസയിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായ അൽ അവ്‌ദ പൂർണമായി നിലച്ചു. അതേസമയം, വെടിനിർത്തൽ കരാർ ഒപ്പിടാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന്‌ ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബാസെം നൈം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *