മോസ്‌കോ: റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനൻറ് ജനറൽ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് കിഴക്കുള്ള ബാലശിഖ പട്ടണത്തിൽ നടന്ന കാർ സ്‌ഫോടനത്തിലാണ് റഷ്യൻ സായുധ സേനയുടെ മെയിൻ ഓപറേഷൻസ് ഡയറക്ടറേറ്റിൻറെ ഡപ്യൂട്ടി മേധാവി കൂടിയായ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടത്. സംഭവത്തെ ഭീകരാക്രമണം എന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശേഷിപ്പിച്ചത്. സ്‌ഫോടനം നടന്ന സ്ഥലം ഫൊറൻസിക് സംഘം പരിശോധിച്ചു. 2021ലാണ് ലഫ്റ്റനൻറ് ജനറലായി യാരോസ്ലാവ് മോസ്‌കാലിക്കിനെ പുടിൻ നിയമിച്ചത്.
റഷ്യൻ സൈന്യത്തിൻറെ രാസായുധ വിഭാഗത്തിൻറെ തലവനായ ഇഗോർ കിരിലോവ് കഴിഞ്ഞ ഡിസംബറിൽ മോസ്‌കോയിൽ ഒരു സ്‌കൂട്ടറിൽ സ്ഥാപിച്ച ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുമ്പാണു സ്‌ഫോടനം നടന്നത്. യുക്രെയ്‌നിൽ വെടിനിർത്തലിനെ കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായിട്ടാണു വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയത്.