തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല മുസ്ലീംലീഗിനെ പുകഴ്ത്തിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോള്‍ സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ പോലെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല. മുസ്ലീം ലീഗിന്‍റെ നിലപാടിനെ തുടര്‍ന്ന് തിരുത്തി എന്ന് പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അവരുടെ നിലപാട് പുനപരിശോധിച്ചുവെന്ന് കൂടെ പറയാമല്ലോ. അതുകൊണ്ട് കോണ്‍ഗ്രസ് ആദ്യം എടുത്തിരുന്ന നിലപാട് ശരിയല്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ എടുക്കുന്ന നിലപാട് ശരിയല്ല എന്ന് ചിന്തിക്കുമ്പോള്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ശരിയായ നിലപാടാണോ?
ലീഗിന്‍റെ നിലപാട് വ്യക്തമാക്കേണ്ടത് അവരാണ്. അവര്‍ മതനിരപേക്ഷ പാര്‍ട്ടിയായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ലീഗ് പടിപടിയായി മാറി. എന്നാല്‍ എസ്ഡിപിഐ പോലെയുള്ള പാര്‍ട്ടികളെ പോലെ ലീഗിനെ ആരും കാണുന്നില്ല. മുസ്ലിം സമൂഹത്തിനിടയില്‍ ഭൂരിപക്ഷ വര്‍ഗീയതയുണ്ടാക്കിയ മാറ്റത്തിന്‍റെ ഫലമായാണിത്. ലീഗ് അത്തരം തീവ്ര നിലപാട് എടുക്കുന്നവരുമായി സംവദിക്കാന്‍ തുടങ്ങി. അതിനര്‍ത്ഥം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്നല്ല. എന്നാല്‍, ലീഗിന്‍റെ നിലപാട് ഇത്തരം കാര്യങ്ങളില്‍ എന്താണെന്ന് മനസിലാക്കി അതിന്‍റെ അടിസ്ഥാനത്തിലാവണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലപാട് എടുക്കേണ്ടത്.
അതേസമയം എല്‍ഡിഎഫ് ദുര്‍ബലമായതിനാല്ല ഐക്യം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. അത് ശത്രു കൂടുതല്‍ കരുത്തനായത് കൊണ്ടാണ്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വളര്‍ത്തുകയെന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം. അതിന്‍റെ ഭാഗമായി പല കാര്യത്തിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അത് ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ അത്യാവശ്യമായി വരും. പക്ഷെ കേരളത്തില്‍ വ്യത്യസ്തമായ രണ്ട് മുന്നണികളാണ്. ഇവിടെ ബിജെപിയല്ല മുഖ്യശത്രു. ഈ രണ്ട് മുന്നണികളും പോരടിക്കുമ്പോള്‍ ബിജെപി ശക്തിപ്പെടാതിരിക്കാന്‍ നമ്മളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചാന്‍സലര്‍ സ്ഥാനം ഭരണഘടനാ പദവിയല്ല. അത് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ നിയമസഭയത് മാറ്റും. അതാണ് കേരള നിയമസഭ ചെയ്യുന്നത്. ഒപ്പിടാതെ ഗവര്‍ണര്‍ക്ക് കാലതാമസം വരുത്താന്‍ പറ്റും. എന്നാല്‍ ഒപ്പിടാനാവില്ലെന്ന് നിലപാടെടുക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിലാണ് പഠനം നടത്താനും മറ്റും ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നിട്ടില്ല. കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഡിപിആറിന് അംഗീകാരം കിട്ടിയിട്ടില്ല. അംഗീകാരം വന്നശേഷം തുടര്‍ നടപടി മതിയെന്ന് തീരുമാനിക്കുകയായിരുന്നു- കാനം പറഞ്ഞു.