തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ നിന്നും പിന്മാറി സർക്കാർ. സ്‌കൂൾ സമയം മാറ്റാൻ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്.
വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ വിമർശിച്ചു. സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഷംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞു.കേരളത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു എംഎല്‍എ.