പാട്ന: ജന്മദിനാഘോഷത്തിൻറെ വീഡിയോ പൂർണമായി ചിത്രീകരിച്ചില്ലെന്ന് ആരോപിച്ച് വീഡിയോഗ്രാഫറെ വെടിവച്ചു കൊന്നു. ബിഹാറിലെ ദർബ്ഹംഗ ജില്ലയിലെ മഖ്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.
സുശീൽ കുമാർ സാഹ്നി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാകേഷ് സാഹ്നിയുടെ മകളുടെ ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനായാണ് സുശീൽ എത്തിയത്.
എന്നാൽ ക്യാമറയിലെ ചാർജ് തീർന്നതോടെ ചിത്രീകരണം പാതിവഴി തടസപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നത്.
ഇയാളുടെ വായിലാണ് വെടിയേറ്റത്. പിന്നീട് രാകേഷും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ഇവരെല്ലാം രക്ഷപ്പെടുകയും ചെയ്തു.
ആശുപത്രി ജീവനക്കാർ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടു പോയി ചികിത്സ നൽകിയത്. എന്നാൽ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ കടന്നുകളഞ്ഞതാകാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ പ്രദേശത്തെ പ്രധാന റോഡ് ഉപരോധിച്ചു.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിൻറെ അച്ഛൻ പരാതി നൽകിയത് പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.